| Friday, 30th June 2023, 8:35 am

രാഹുല്‍ ഗാന്ധി മെയ്തി ക്യാമ്പിലേക്ക്; റോഡ് മാര്‍ഗമോ ഹെലികോപ്ടറിലോ വിടില്ലെന്ന് പൊലീസ്; പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസമായ ഇന്ന് മെയ്തി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. അതേസമയം, സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ എന്നാല്‍ റോഡ് മാര്‍ഗം പോകാനാകില്ലെന്ന നിലപാട് പൊലീസ് ആവര്‍ത്തിച്ചു. യാത്ര മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.

മണിപ്പൂരില്‍ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്തി വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിലാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നത്.

ചുരാചന്ദ്പൂരില്‍ നിന്ന് ഇന്നലെത്തന്നെ അവിടേക്ക് പോകാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. അവിടേക്ക് റോഡ് മാര്‍ഗമോ ഹെലികോപ്ടറിലോ പോകാനാവില്ലെന്ന് പൊലീസ് നിലപാട് എടുക്കുകയായിരുന്നു.

രാഹുലിന്റെ സുരക്ഷയെ കരുതിയാണ് അനുമതി നിഷേധിക്കുന്നതെന്നാണ് പൊലീസിന്റെ അവകാശവാദം. കേന്ദ്ര സര്‍ക്കാരും മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരും ആസൂത്രണം ചെയ്ത് നടത്തുന്ന നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മെയ്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നാഗവിഭാഗം ഉള്‍പ്പടെയുള്ള 17 പൗരസമൂഹങ്ങളുമായി രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നതിനാല്‍ ഇന്നത്തെ സാഹചര്യം നിര്‍ണായകമാണ്.

വ്യാഴാഴ്ച കാങ്‌പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളുടെ അതിര്‍ത്തിയിലെ ഹാരോഥേല്‍ ഗ്രാമത്തില്‍ അക്രമികള്‍ നാട്ടുകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിച്ചിരുന്നു.

ഇംഫാല്‍ നഗരത്തില്‍ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്തി വിഭാഗക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. അവര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

വ്യാഴാഴ്ച രാവിലെ ഇംഫാലിലേക്കുള്ള രാഹുലിന്റെ യാത്ര പൊലീസ് തടഞ്ഞിരുന്നു. രാഹുലിനെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തിരുന്നു.

Content Highlights: rahul gandhi off to meiti camps, manipur police dis allows road travelling

We use cookies to give you the best possible experience. Learn more