കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമം വിശ്വസ്ഥര്‍ നടത്തവേ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ലോക്‌സഭ അംഗമായി തുടരാനാണ് ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കി. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തികൊണ്ടായിരുന്നു രാഹുലിന്റെ രാജി.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന്റെ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ വിശ്വസ്ഥര്‍ ആരംഭിച്ചിരുന്നു. ദല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
നിലവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയാ ഗാന്ധി സംഘടന ചുമതലകള്‍ നിശ്ചയിക്കുന്നതില്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ദൈനംദിന കാര്യങ്ങളിലും രാഹുല്‍ നേരത്തെ ഇടപെട്ടിരുന്ന പോലെ ഇടപെടുന്നുണ്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ സമയമായിട്ടില്ലെന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്.