രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിനുവേണ്ടിയല്ല മത്സരിക്കുന്നത്, രാഹുലിന്റെ ലക്ഷ്യം മോദിയുടെ പരാജയം മാത്രം; ശരദ് പവാര്‍
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതര പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
രാജ്യത്തെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന കാര്യം എന്‍.ഡി.എ ഇതര കക്ഷികള്‍ ഒരേ മനസ്സോടെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാനുള്ള മത്സരത്തിലല്ലെന്നും, നരേന്ദ്ര മോദിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അധികം സീറ്റ് നേടുന്ന പാര്‍ട്ടി ബി.ജെ.പി ആയിരിക്കുമെന്നും, എന്നാല്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എണ്ണം ബി.ജെ.പി ഉണ്ടാവില്ലെന്നും പവാര്‍ പ്രവചിക്കുന്നു. രാഹുല്‍ ഗാന്ധിയെ കഴിവില്ലാത്ത നേതാവായി ചിത്രീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും, എന്നാല്‍ അത് സത്യമാണെങ്കില്‍ ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളില്‍ രാഹുല്‍ ഒരു അഭിവാജ്യ ഘടകമാവുന്നത് എങ്ങനെയാണെന്നും പവാര്‍ ചോദിക്കുന്നു.
തങ്ങള്‍ക്ക് ഭീഷണിയായവരെ ഒതുക്കാന്‍ ബി.ജെ.പി പണ്ടു മുതലേ സ്വീകരിച്ചു വരുന്ന തന്ത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ തടയുമെന്നും, ഇത് തങ്ങള്‍ക്ക് സഹായകരമാണെന്ന് ബി.എസ്.പി നേതാക്കള്‍ തന്നോട് പറഞ്ഞതായും പവാര്‍ വെളിപ്പെടുത്തി.
രാജ്യത്തിന്റെ വികസനത്തിനായി ചെയ്തതൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാലാണ് മോദി സര്‍ക്കാര്‍ ദേശീയതയുടേയും, ഹിന്ദുത്വതയുടേയും, ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും പേരില്‍ വോട്ടു ചോദിക്കുന്നതെന്നും പവാര്‍ കുറ്റപ്പെടുത്തി.