ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവന തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത് എല്ലാ സഖ്യകക്ഷികളും കൂടിയാലോചിച്ചാണ്. ഇപ്പോള്‍ അതിനെക്കുറിച്ചു പറയുന്നത് വളരെ നേരത്തെയായിപ്പോകുമെന്നും കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ ഇതു തീരുമാനിക്കാന്‍ യാതൊരു ധൃതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
” ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നൊന്നും എനിക്കറിയില്ല. തനിക്കു പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം എല്ലാ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിന് കോണ്‍ഗ്രസിന് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്.” അദ്ദേഹം എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
” ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആലോചിക്കേണ്ട കാര്യമാണ്. എല്ലാ നേതാക്കളും ഒരാളുടെ പേര് നിര്‍ദേശിക്കുകയാണെങ്കില്‍ അതായിരിക്കും പ്രധാനമന്ത്രി. ഇതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയായിപ്പോകും. ഒന്നുരണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.” അദ്ദേഹം വ്യക്തമാക്കി.
ഡി.എം.കെ നിര്‍ദേശത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം കൊണ്ടാണ് മമതയും, മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന പ്രചരണവും കമല്‍നാഥ് തള്ളി.
ആരോഗ്യകരമായ ചില ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മായാവതി തന്നോട് പറഞ്ഞതെന്നും കമല്‍നാഥ് വ്യക്തമാക്കി.