| Saturday, 25th January 2025, 7:48 pm

ആം ആദ്മി പാർട്ടിയുടെ സത്യസന്ധരല്ലാത്ത നേതാക്കളുടെ പട്ടികയിൽ മോദിക്കൊപ്പം രാഹുലും; പാർട്ടി ഇന്ത്യാ സഖ്യം വിടണമെന്ന് കോണ്‍ഗ്രസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സത്യസന്ധരല്ലാത്ത നേതാക്കളുടെ ലിസ്റ്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും ഉൾപ്പെടുത്തി ആം ആദ്മി പാർട്ടി. പാര്‍ട്ടി പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രവും ആംആദ്മി ചേർത്തത്.

പിന്നാലെ വൻ വിമർശനമാണ് ഉയരുന്നത്. അരവിന്ദ് കെജ്‌രിവാളിന് ധൈര്യമുണ്ടെങ്കിൽ, താൻ ഇന്ത്യൻ സഖ്യം വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണമെന്ന് കൽക്കാജിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന് ധൈര്യമുണ്ടെങ്കിൽ, താൻ ഇന്ത്യൻ സഖ്യം വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണം. 100 എം.പിമാരുള്ള കോൺഗ്രസ് പാർട്ടി ശക്തമാണ്. ഏഴ് സീറ്റുകളും ബി.ജെ.പിക്ക് നൽകിയത് അരവിന്ദ് കെജ്‌രിവാളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് വേണ്ടി കോൺഗ്രസ് ദൽഹിയിലെ ഏഴ് സീറ്റിൽ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ തെറ്റ്. ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടി വന്നു,’ കൽക്കാജിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അല്‍ക ലാമ്പ പറഞ്ഞു.

ഒപ്പം ബി.ജെ.പിയും ആം ആദ്മിയും ഒരു നാണയത്തിന്റെ ഇരുവശമാണെന്നും ഇരുവരും തമ്മില്‍ വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.

‘ബി.ജെ.പിക്കും ആം ആദ്മിക്കുമെതിരെ ഞങ്ങള്‍ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും. ബി.ജെ.പിയുടെ ബി ടീമാണ് ആം ആദ്മി. ബി.ജെ.പിയും ആം ആദ്മിയും തമ്മില്‍ ഒത്തുകളി നടക്കുന്നു. ആരാണ് അണ്ണ ഹസാരെ മൂവ്‌മെന്റ് നടത്തിയത്? എവിടെ നിന്നാണ് അവര്‍ക്ക് പ്രചോദനം ലഭിച്ചത്? ആര്‍.എസ്.എസായിരുന്നു ഇതിന് പിന്നില്‍’, അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളായ മോദിക്കും അമിത് ഷായ്ക്കും യോഗിക്കും പുറമേ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, വിരേന്ദ്ര സച്‌ദേവ, പര്‍വേഷ് വര്‍മ, രമേശ് ബിധുരി എന്നിവരോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് ദിക്ഷിത്, അജയ് മാക്കന്‍ എന്നിവരുടെ ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജ്‌രിവാളിന്റെ സത്യസന്ധത, സത്യസന്ധതയില്ലാത്ത ആളുകളെ മറികടക്കുമെന്ന വാചകമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight:  Rahul Gandhi Named In AAP’s ‘Dishonest People’ List As Poster War Heats Up

We use cookies to give you the best possible experience. Learn more