| Friday, 1st February 2019, 6:42 pm

കര്‍ഷകരുടെ ജീവിതം തകര്‍ത്തു തരിപ്പണമാക്കിയിട്ട് 17 രൂപയുടെ 'ആശ്വാസവുമായി' വരുന്നു; കേന്ദ്രബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.

“അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.”

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.

ALSO READ: വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളില്ല; കേന്ദ്ര ബജറ്റ് ധനകമ്മി ഉണ്ടാക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസ്

നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more