ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയല്ല ഫേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഇന്ത്യന്‍ കമ്പനികള്‍ നടത്തി പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരമുള്ള നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ട കണക്ക്.
ഇത് പ്രകാരം ഡിസംബര്‍ പാദത്തില്‍ 77000 കോടിയാണ് നിക്ഷേമായി കണക്കാക്കുന്നത്. 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്‍വെസ്റ്റ്‌മെന്റ് സര്‍ക്കിളാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.
സുഹൃത്തുക്കളെ, ഫേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പുതിയ അപ്‌ഡേഷന്‍ വന്നിട്ടുണ്ട്. ഇക്കാലമത്രയും കാണാത്ത രീതിയിലുള്ള നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കില്‍ കാണിക്കുന്നത്.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമായ ഒരു കണക്കാണ് ഇത്. പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്ക് സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന സൂചകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.