ന്യൂദല്‍ഹി: കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം വീതം ഇടുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വിസ് ബാങ്കില്‍ കള്ളപ്പണം ഇല്ലെന്ന് പറയുന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കിലുളള നിക്ഷേപം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരിച്ച ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
“സ്വിസ് ബാങ്കിലുളള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം വീതം ഇടുമെന്നാണ് 2014ല്‍ മോദി പറഞ്ഞത്. നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കാനാകും എന്നാണ് 2016ല്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ 50 ശതമാനം വര്‍ധിച്ച ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കള്ളപ്പണം അല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്വിസ് ബാങ്കില്‍ കള്ളപ്പണം ഇല്ലത്രേ!” രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
Read Also : 2016ല്‍ നടന്ന ആക്രമണത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; മോദിക്കെതിരെ മായാവതി
സ്വിസ് ബാങ്കില്‍ ഉളളത് മുഴുവന്‍ കളളപ്പണം ആണെന്ന് എങ്ങനെ കണക്കാക്കും എന്നായിരുന്നു പിയൂഷ് ഗോയല്‍ ചോദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ വിവരം കണ്ടെത്തുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.
സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7,000 കോടി രൂപയായി വര്‍ദ്ധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തായത്. 2017ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ദ്ധിച്ചെന്നാണ് സ്വിസ് ബാങ്കിന്റെ റിപ്പോര്‍ട്ട്.
അതേസമയം സ്വിസ് ബാങ്കിലുള്ളതെല്ലാം കളളപ്പണമല്ലെന്നും കോണ്‍ഗ്രസ് തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.
ഈ വര്‍ഷത്തല്‍ ആദ്യപകുതിയില്‍ മുന്‍കൂര്‍ നിക്ഷേപത്തില്‍ വന്‍കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ ആദായ നികുതി വിഭാഗത്തില്‍ 44 ശതമാനവും കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ 17 ശതമാനവുമാണ് ഉണ്ടായതെന്നും ജയ്റ്റ്‌ലി ഫേസ്്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.