ന്യൂദല്‍ഹി: വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ടെലിപ്രോറ്റര്‍ തകരാറിലായി പ്രസംഗം തടസപ്പെട്ടതിനെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘ഇത്‌നാ ജൂഠ് ടെലിപ്രോംറ്റര്‍ ഭി നഹി ജല്‍ പായേ’ (ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല), എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബി.ജെ.പി ഹാന്‍ഡിലുകളില്‍ നിന്നും ട്വീറ്റുകളുടെ പെരുമഴയാണ്.
‘സാങ്കേതിക തകരാറില്‍ ആവേശം കൊള്ളുന്നവര്‍ സംഭവം വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ അവസാനമാണ് സംഭവിച്ചത് എന്ന കാര്യം അറിഞ്ഞില്ലേ? പ്രധാനമന്ത്രിയുടെ വാക്കുകളെ തുടര്‍ന്നു കേള്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അവര്‍ ആദ്യം മുതല്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചത്.
അക്കാരണത്താലാണ് ക്ലോസ് ഷ്വാബ് വീണ്ടും അദ്ദേഹത്തിന്റെ സെഷന് ആമുഖം നല്‍കിയതും വീണ്ടും ആരംഭിക്കാന്‍ പറഞ്ഞതും എന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്,’ യോഗി ആദിത്യനാഥിന്റെ മീഡിയ അഡൈ്വസര്‍ ശലഭ് മണി ത്രിപാഠി പറഞ്ഞു.
Don’t those getting excited at the tech glitch not realise that the problem was at WEF’s end? They were not able to patch PM, so requested him to start again, which is evident in the way Klaus Schwab said that he will again give a short introduction and then open up the session… pic.twitter.com/HblG1w0mfN
കഴിഞ്ഞ ദിവസം വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ടെലിപ്രോംറ്റര്‍ (Teleprompter) സംവിധാനം തടസപ്പട്ടതോടെ മോദിയുടെ പ്രസംഗവും ഇടക്കുവെച്ച് നിന്നുപോവുകയായിരുന്നു.
ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.
താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
”ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടെക്നീഷ്യന്മാര്‍ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യു.എ.പി.എയോ ഇവര്‍ക്കെതിരെ ചുമത്തില്ല എന്ന് പ്രതീക്ഷിക്കാം.
ഇന്ന് സംഭവിച്ച നാണക്കേടിന് വല്ല ഖാലിസ്ഥാനി ബന്ധവുമുണ്ടെന്ന് പറഞ്ഞ് നോയിഡ മീഡിയ രംഗത്തെത്തേണ്ടതാണ്,” മാധ്യമപ്രവര്‍ത്തക രോഹിണി സിംഗ് പരിഹാസരൂപത്തില്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രാസംഗികന്‍ (Orator) എന്നതിന് പകരം പ്രോംപ്റ്റര്‍ മാത്രം നോക്കി സംസാരിക്കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന പ്രോംറ്റൊറേറ്റര്‍ (promptorator) എന്നും മോദിയെ ചില റിപ്പോര്‍ട്ടുകളില്‍ വിശേഷിപ്പിക്കുന്നുണ്ട്.