ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിരിക്കെ മോദിക്കെതിരെ പരിഹാസവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് രാഹുല്‍ മോദിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘എത്രയും പെട്ടെന്ന് തന്നെ പെട്രോള്‍ ടാങ്ക് നിറച്ചുവെച്ചോളൂ, മോദിയുടെ തെരഞ്ഞെടുപ്പ് ഓഫര്‍ തീരാന്‍ പോവുകയാണ്,” എന്നാണ് രാഹുല്‍ പോസ്റ്റില്‍ പറയുന്നത്.
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് തടഞ്ഞുവെക്കുകയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പതിവുരീതികളില്‍ ഒന്നാണ്. ഇതിനെക്കൂടി ട്രോളിയാണ് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 7 രൂപയോളം വര്‍ധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തന ഉയര്‍ന്നപ്പോഴും തെരഞ്ഞെടുപ്പ് മാത്രം കാരണം ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നിരുന്നു. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 100 ഡോളറിനടുത്തെത്തി നില്‍ക്കുകയാണ്.
യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധസമാന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.
ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിലും ഇന്ധന വില കുത്തനെ കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് രാജ്യത്ത് ഇന്ധന വില ഉയരാത്തതെന്നും, മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലയില്‍ കനത്ത വര്‍ധനവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആഗോള തലത്തില്‍ എണ്ണ ഉത്പാദനത്തിന്റെ പത്ത് ശതമാനവും റഷ്യയില്‍ നിന്നാണ്. അതിനാല്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നതില്‍ റഷ്യക്ക് ആഗോള തലത്തില്‍ ഉപരോധം ശക്തിപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ ലഭ്യതയും കുറയാനിടവരും.
ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 100 ഡോളറിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചതും യുദ്ധഭീതിയായിരുന്നു.
ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഇന്ത്യ റഷ്യയില്‍ നിന്ന് വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാങ്ങുന്നത്. എങ്കിലും ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് ലഭ്യത കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യുന്നത് ഇന്ത്യയ്ക്കും ഗുണകരമാകില്ല എന്നാണ് വിലയിരുത്തല്‍.
നൂറിലേറെ ദിവസമായി ഇന്ത്യയില്‍ എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ഉയര്‍ന്നാല്‍ അത് കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും കാരണമാകുമെന്നതിനാല്‍ റഷ്യ – ഉക്രൈന്‍ യുദ്ധസാഹചര്യം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നിലും ചോദ്യചിഹ്നമാവുകയാണ്.
content highlight: Rahul Gandhi Mocks Narendra Modi about Petrol price hike