ന്യൂദല്‍ഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് നെഹ്‌റുവിനെയാണോ മോദി കുറ്റം പറയുകയെന്ന് രാഹുല്‍ ചോദിച്ചു.
മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക. നെഹ്‌റുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കില്‍ ജനങ്ങളെയാണോ? രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ട്വീറ്റിനൊപ്പം രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന മോദിയുടെ മുന്‍കാല പ്രസംഗങ്ങളും ഒപ്പം വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചാനല്‍ വാര്‍ത്തകളുടെ വീഡിയോയും ചര്‍ച്ചകളും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാണ, ദല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. നിരവധി സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.
റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസം 27 വരെ 1.6% കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായത്. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് പല സംസ്ഥാനങ്ങളിലും പവര്‍കട്ട് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തുവന്നിരുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി കല്‍ക്കരിക്കടത്ത് വേഗത്തിലാക്കുന്നതാണ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ വഴിയെന്ന് അദ്ദേഹം പരിഹസിച്ചു.
”സമൃദ്ധമായ കല്‍ക്കരി, വലിയ റെയില്‍ ശൃംഖല, താപനിലയങ്ങളില്‍ ഉപയോഗിക്കാത്ത ശേഷി. എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് അതിന് കാരണം” -ചിദംബരം ട്വീറ്റ് ചെയ്തു.
Content Highlights: Rahul Gandhi mocks modi