| Thursday, 26th October 2017, 1:17 pm

'ഡോ.ജെയ്റ്റ്‌ലിജീ, സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണ്; താങ്കളുടെ മരുന്ന് കരുത്തില്ല'; ജെയ്റ്റ്‌ലിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയത്തെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പരിഹാസം.

” ഡോ.ജെയ്റ്റ്‌ലിജീ, നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണ്. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് എന്നാല്‍ നിങ്ങളുടെ മരുന്നിന് കരുത്തില്ല” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നേരത്തേയും ജെയ്റ്റിലിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

പ്രശസ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമായ സ്റ്റാര്‍ വാര്‍സിലെ ഡയലോഗായിരുന്നു രാഹുല്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്രത്തിന്റെ വാദത്തെയാണ് രാഹുല്‍ പരിഹസിച്ചത്.


Also Read: കാലാവസ്ഥയല്ല, മാറുന്നത് നമ്മളും നമ്മുടെ ശീലങ്ങളുമാണെന്ന് മോദി; തള്ള് പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ


ചിത്രത്തിലെ “മെ ദ ഫാഴ്‌സ് ബി വിത്ത് യൂ” എന്ന അതിപ്രശസ്തമായ വാക്കുകളാണ് ജെയ്റ്റ്‌ലിക്കെതിരായ വിമര്‍ശനമാക്കി രാഹുല്‍ മാറ്റിയത്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പരിഹാസക്കൂത്താണ് ജെയ്റ്റിലിയുടെ വാദം എന്നായിരുന്നു ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ മൂന്ന് വര്‍ഷം ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാകുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. ഇതിനെയാണ് രാഹുല്‍ പരിഹസിച്ചത്. ജെയ്റ്റ്‌ലിയുടെ വാദം തെറ്റാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിയിക്കുന്നതാണ്. ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.9 ല്‍ നിന്നും 5.7 ല്‍ എത്തി നില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more