ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. എന്നിട്ടും നമ്മുടെ വയനാട് എംപി, ഓഹ്! തെറ്റിപോയി ദേശീയ പ്രതിപക്ഷപാര്‍ട്ടിയുടെ പ്രധാന നേതാവ് സ്ഥലത്തില്ല. വിദേശത്ത് പോയിരിക്കുകയാണ്. കൊള്ളാം നല്ല ഉത്തരവാദിത്ത്വം ഉള്ള നേതാവ്. ബി.ജെ.പി യെ തറ പറ്റിക്കാന്‍ സംഘടിതമായി നിന്ന് പോരാട്ടം നയിക്കേണ്ട ഉശിരനായ നേതാവ് ഈ നിര്‍ണായക ഘട്ടത്തില്‍ ചെയ്യേണ്ട മികച്ച കാര്യം.
രാഹുല്‍ ഗാന്ധിക്ക് പക്വത ഇല്ല കുട്ടിക്കളി ആണ് എന്ന് പൊതുവേ ഒരു പരദൂഷണം ഉള്ളതാണ്. അതിന്റെ ഇടയിലൂടെയാണ് പുള്ളിക്കാരനെ ഇലക്ഷന്‍ പ്രമാണിച്ചുള്ള പ്രവര്‍ത്തനങ്ങളിലൊന്നും കാണാതാവുന്നത്. പലരും ചോദിക്കുന്ന പോലെ. പാരമ്പര്യം മാത്രേ ഒള്ളു അല്ലേ… എന്ന് വീണ്ടും വീണ്ടും ആളുകളെ കൊണ്ട് ചോദിപ്പിക്കുന്ന ഗതിയാണ്.
പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ്സിന് മികച്ച സാധ്യതകള്‍ ഇക്കുറി ഉണ്ടായിരുന്നു എങ്കിലും കൃത്യമായ നേതൃത്വത്തിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളുടെയും അഭാവം കൊണ്ട് അതില്‍ വലിയ പിഴവ് തന്നെയാണ് വന്നിട്ടുള്ളത്. അല്ലെങ്കിലേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ വിഭാഗീയതയും ഒഴിഞ്ഞുമാറലും കൊണ്ട് പൊറുതിമുട്ടുന്ന സമയത്താണ് ഈ വിദേശയാത്ര.
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന ഏറ്റവം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് യു.പിയിലെ തെരഞ്ഞെടുപ്പെന്നത് രാജ്യത്തെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. ബിരിയാണിയിലെ കോഴിക്കാല് പോലെ ഉത്തര്‍പ്രദേശില്‍ ഭരണം പിടിച്ചെടുത്താല്‍ ഇന്ത്യയിലെ മുഴുവന്‍ ഭരണം പിടിച്ചെടുത്ത പോലെയാണ്. ഈ സാഹചര്യങ്ങളെ മനസ്സിലാക്കിക്കൊണ്ട് തന്നെ സമാജ് വാദി പാര്‍ട്ടി ഇത്തവണ നല്ല പോലെ ഹോംവര്‍ക്ക് ചെയ്തിട്ടാണ് ഇലക്ഷന് വേണ്ടി ഒരുങ്ങുന്നത്.
ബി.ജെ.പിയിലെ മന്ത്രിമാരടക്കം രാജി വെച്ച് മറ്റ് പാര്‍ട്ടികളിലേക്ക് ചേരുന്ന സാഹചര്യം ഉണ്ടായതോടെ വലിയ പ്രതീക്ഷയാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടിക്കുള്ളത്. അടിത്തട്ടില്‍ വലിയ പ്രവര്‍ത്തനങ്ങളുമായി എസ്.പി മുന്നോട്ടുപോകുന്നുമുണ്ട്. അപ്പോഴും എസ്.പിയുടെ വോട്ടുകളെ കൂടി ഭിന്നിപ്പിക്കുന്ന പണി ചെയ്യുക എന്നതിനപ്പുറം, കോണ്‍ഗ്രസ് മത്സരിക്കുന്നതുകൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും വിള്ളലുണ്ടാക്കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു വര്‍ക്ക് നടത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.
രാഹുല്‍ ആശാന്റെ ഈ ഒളിച്ചോട്ടം ഇതാദ്യമായിട്ടല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പും രാഹുല്‍ ഗാന്ധി ഇതുപോലെ വിദേശയാത്ര നടത്തിയിരുന്നു. സമ്മേളനത്തിന് ഒരു ദിവസ്സം മുന്‍പാണ് പുള്ളി പിന്നെ തിരിച്ചെത്തിയത്. ഇതിപ്പൊ ആളെ കോണ്‍ഗ്രസ്സുകാര്‍ക്കും കിട്ടാനില്ല. വയനാട്ടുകാര്‍ക്കും കിട്ടാനില്ല.. വിദേശത്തുള്ളവര്‍ക്കും കിട്ടാനില്ല എന്നുള്ള അവസ്ഥയാണ്. ഇതൊക്കെ പോട്ടെ എന്ന് വെക്കാം. പുള്ളി നാട്ടിലില്ല എന്നുള്ള കാര്യം ഞങ്ങള്‍ പോലും അറിഞ്ഞത് മിനിഞ്ഞാന്നാണ് എന്നാണ് ഒരു പഞ്ചാബ് നേതാവ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.
എന്തൊക്കെ തുറുപ്പുചീട്ട് എടുത്തിട്ട് വോട്ട് കിട്ടാന്‍ പറ്റിയ ചാന്‍സ് ആയിരുന്നു കളഞ്ഞത്. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുക്കിയത് മുതല്‍ കര്‍ഷക സമരം വരെ ഒരുപാട് കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ കൊണ്‍ഗ്രസ്സിന് കഴിഞ്ഞേനെ. ഇങ്ങനെ ആടി പാടി സമയം കളഞ്ഞ് മേലനങ്ങാതെ എങ്ങനെ ഉണ്ടംപൊരി കഴിക്കാം എന്നും ആലോചിച്ച് നടക്കുകയാണ് കോണ്‍ഗ്രസ്സ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
content highlights: Rahul Gandhi missing during UP elections raises criticism within congress