| Wednesday, 12th April 2023, 5:06 pm

പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമാകും; നിതീഷ് കുമാറും തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി ഖാര്‍ഗെയും രാഹുലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസും ജനതാദള്‍ പാര്‍ട്ടികളും. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറും, ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ തേജസ്വി യാദവും കൂടിക്കാഴ്ച നടത്തി.

ജെ.ഡി.യു അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്, ആര്‍.ജെ.ഡി രാജ്യസഭ എം.പി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിതീഷ് കുമാറും തേജസ്വി യാദവുമായി നടത്തിയത് ചരിത്രപരമായ ഒരു കൂടിക്കാഴ്ച ആയിരുന്നെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഐക്യം ഉറപ്പു വരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ജനങ്ങളുടെ ശബ്ദമാകാനും രാജ്യത്തിന് പുതിയ ദിശാബോധമേകാനും പ്രതിപക്ഷം ശ്രമിക്കുമെന്നും, ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുമെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു. പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പ്രതിപക്ഷ ഐക്യരൂപീകരണത്തിനായുള്ള ശ്രമങ്ങളില്‍ നിര്‍ണായകവും ചരിത്രപരവുമായ ഒരു നീക്കമാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

2024 പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദി സര്‍നെയിം പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എത്തിയിരുന്നു.

മറ്റൊരു പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയും സഖ്യത്തെക്കുറിച്ച് വ്യക്തതയൊന്നും ഇതുവരെയും വരുത്തിയിട്ടില്ല. ദല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മിക്ക് അടുത്തിടെ ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരുന്നു. ജനങ്ങളുടെ ഐക്യമാണ് അല്ലാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമല്ല പ്രധാനമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.

തെലങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവും പ്രതിപക്ഷ ഐക്യം രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനോട് അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Rahul gandhi meets thejaswi yadav and nitish kumar

Latest Stories

We use cookies to give you the best possible experience. Learn more