ന്യൂദല്‍ഹി: അടിയന്തരാവസ്ഥയെ കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തെ നേരില്‍ കണ്ട് അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സ്പീക്കറുടെ പ്രസ്താവന വ്യക്തമായ രാഷ്ട്രീയമാണെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിലെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
രാഹുല്‍ ഗാന്ധിക്കൊപ്പം സമാജ്‌വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ്, ആര്‍.ജെ.ഡി എം.പി മിസ ഭാരതി, എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ എന്നിവരും സ്പീക്കറെ കണ്ടിരുന്നു.
ബുധനാഴ്ചയാണ് ഓം ബിര്‍ല തുടര്‍ച്ചയായി രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥാ കാലത്തെ കുറിച്ചുള്ള പ്രമേയം അദ്ദേഹം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ പ്രമേയം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു.
അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കപ്പെട്ടന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് സ്പീക്കര്‍ പറഞ്ഞു. പ്രമേയം അവതരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അടിയന്തരാവസ്ഥക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണമായിരുന്നെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Content Highlight: Rahul Gandhi meets Speaker, says remarks on Emergency ‘clearly political’