വയനാട്: 1970 ജൂണ്‍ 19ന് ദല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ തന്റെ ജനനസമയത്ത് തന്നെ ഏറ്റുവാങ്ങിയ സിസ്റ്റര്‍ രാജമ്മ വാവത്തിലിനെ കാണാന്‍ രാഹുല്‍ഗാന്ധിയെത്തി. തന്റെ മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് രാഹുല്‍ രാജമ്മയെ സന്ദര്‍ശിച്ചത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ രാജമ്മ വാവത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
‘രാഹുല്‍ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍മുതല്‍ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരില്‍ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാന്‍ സാധിക്കാത്ത ഒരുപാട് കഥകള്‍ എനിക്ക് പറയാനുണ്ട്’ -രാജമ്മ മാതൃഭൂമിയോട് പറഞ്ഞിരുന്നു.
രാജമ്മയെ കാണാന്‍ രാഹുലിനും താത്പര്യമുണ്ടെന്നും രാജമ്മയുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനും രാഹുലും ആഗ്രഹിക്കുന്നതായി പ്രിയങ്കാ ഗാന്ധി മറുപടി നല്‍കിയിരുന്നു.
1987ല്‍ ജോലിയില്‍ നിന്നും വി.ആര്‍.എസ് എടുത്ത് മടങ്ങിയ രാജമ്മ വാവത്തില്‍ സുല്‍ത്താന്‍ ബത്തേരിയ്ക്ക് സമീപം കല്ലൂരിനടുത്താണ് ഇപ്പോള്‍ താമസിക്കുന്നത്.