| Thursday, 30th May 2019, 5:34 pm

കോണ്‍ഗ്രസ്-എന്‍.സി.പി ലയനം സാധ്യമോ?; രാഹുല്‍ ഗാന്ധി ശരത് പവാറിനെ കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ്-എന്‍.സി.പി ലയന ചര്‍ച്ചയ്ക്ക് പ്രതീക്ഷയുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നുരാവിലെയാണ് രാഹുല്‍ ശരത് പവാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയന കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍തന്നെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവക്കുകയാണെന്ന തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്മാറിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് യു.പി.എയുടെ ഭാഗമായ എന്‍.സി.പിക്ക് നേടാനായത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇത്തവണയും ഒറ്റക്ക് പ്രതിപക്ഷ കക്ഷിയെന്ന പദവി ലഭിക്കില്ല. ആകെയുള്ള 543 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 54 സീറ്റുകളിലെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. എന്നാല്‍ 52 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്വന്തമായുള്ളത്.

We use cookies to give you the best possible experience. Learn more