| Wednesday, 4th August 2021, 10:30 am

ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും.

പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ‘ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്,’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.

പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പുരോഹിതന്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പുരോഹിതന്‍ രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rahul Gandhi Meets Family of 9-Yr-Old Allegedly Raped, Murdered in Delhi

We use cookies to give you the best possible experience. Learn more