| Friday, 28th August 2020, 11:18 pm

2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനോ പാര്‍ട്ടിക്ക് 400 സീറ്റുകള്‍ നേടിത്തരാനോ രാഹുലിന് കഴിയുമെന്ന് തോന്നുന്നില്ല; കത്തയച്ച നേതാക്കളില്‍ ഒരാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്. ദേശീയ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുലെന്നും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

പാര്‍ട്ടിയെ നയിക്കാനും 2024 ല്‍ 400 സീറ്റുകള്‍ നേടാന്‍ സഹായിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നു പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസെന്നും 2014 ലും 2019 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ആവശ്യമായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കണമെന്നും പേര് വെളിപ്പെടുത്താതെ ഒരു നേതാവ് എന്‍.ഡി.ടിവിയോട് പറഞ്ഞു.

പാര്‍ട്ടിയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാകും കോണ്‍ഗ്രസിന്റെ വിധിയെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബലും പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടര്‍ന്ന് ഈ കത്തിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങള്‍ ഉര്‍ന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതില്‍ പാര്‍ട്ടിക്കകത്തു തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയക്കുന്നത്.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.

പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍  ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Rahul Gandhi May Not Lead Congress To 2024 Win, Says Letter-Writer

We use cookies to give you the best possible experience. Learn more