ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്. ദേശീയ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുലെന്നും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
പാര്‍ട്ടിയെ നയിക്കാനും 2024 ല്‍ 400 സീറ്റുകള്‍ നേടാന്‍ സഹായിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നു പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസെന്നും 2014 ലും 2019 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ആവശ്യമായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കണമെന്നും പേര് വെളിപ്പെടുത്താതെ ഒരു നേതാവ് എന്‍.ഡി.ടിവിയോട് പറഞ്ഞു.
പാര്‍ട്ടിയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാകും കോണ്‍ഗ്രസിന്റെ വിധിയെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബലും പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടര്‍ന്ന് ഈ കത്തിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങള്‍ ഉര്‍ന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു.