ഹൈദരാബാദ്: ആഗസ്റ്റ് 14 ന് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന പരിപാടി റദ്ദാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
ഏത് വിധത്തിലും രാഹുലിന്റെ പരിപാടി റദ്ദാക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 14 ന് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പരിപാടി തടയാനായി സര്‍ക്കാരില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ തുടരുന്നത്.
ഏതെങ്കിലും രീതിയില്‍ രാഷ്ട്രീയപരിപാടികള്‍ക്ക് കാമ്പസില്‍ അനുമതി നല്‍കരുതെന്ന് കാണിച്ച് ഹയര്‍ എഡ്യുക്കേഷന്‍ ഡിപാര്‍മെന്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് പല വിധത്തിലും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ രാഹുല്‍ നടത്താനിരിക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ട് ഒരാഴ്ചക്കുള്ളില്‍ തന്നെ യൂണിവേഴ്‌സിറ്റി അധികൃതര്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് അറിയുന്നത്.
രാഷ്ട്രീയനേതാക്കള്‍ക്ക് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രസംഗം നടത്താന്‍ അനുമതി നല്‍കുന്നത് കാമ്പസിന്റെ സുഗമമായ പോക്കിന് തടസമാകുമെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിനോ പൊലീസിനോ കാമ്പസിനകത്ത് നടത്തുന്ന പരിപാടികള്‍ തടയാന്‍ അനുമതിയില്ലെന്നിരിക്കെ രാഹുലിന്റെ പരിപാടി റദ്ദാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ യൂണിവേഴ്‌സിറ്റിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം തെലങ്കാന രാഷ്ട്രസമിതി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം വലിയ തിരിച്ചടിയാകുമെന്ന ഭയമാണ് സര്‍ക്കാരിനെ ഇത്തരം നടപടിക്ക് പ്രേരിപ്പിക്കുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത എല്ലാവര്‍ക്കും ജോലി വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അതില്‍ പൂര്‍ണപരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.