രാഹുല്‍ ഞങ്ങള്‍ക്ക് ദൈവതുല്യന്‍; അദ്ദേഹത്തോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല: നിര്‍ഭയയുടെ പിതാവ്
India
രാഹുല്‍ ഞങ്ങള്‍ക്ക് ദൈവതുല്യന്‍; അദ്ദേഹത്തോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല: നിര്‍ഭയയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 2:04 pm

ന്യൂദല്‍ഹി: മകളുടെ മരണത്തിന് പിന്നാലെ തകര്‍ന്നുപോയ തങ്ങളെ മാനസികമായി പിന്തുണയ്ക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തതെന്ന് രാഹുല്‍ഗാന്ധിയാണെന്ന് നിര്‍ഭയയുടെ പിതാവ്. ഇതൊന്നും പുറത്തു പറയരുതെന്നും എല്ലാം രഹസ്യമായിരിക്കണമെന്നും മാത്രമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും നിര്‍ഭയയുടെ പിതാവ് ബദരീനാഥ് സിങ് പറയുന്നു.

“”മകളുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി എത്തി. അതില്‍ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഞങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും നിന്നു. ഇതൊക്കെ രഹസ്യമാക്കിവെക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു””- ഇന്തോ ഏഷ്യന്‍ ന്യൂസ് ഏജന്‍സിയോട് സംസാരിക്കവേ സിങ്. വ്യക്തമാക്കി.


Dont Miss തന്നെ കുടുക്കിയതില്‍ ബെഹ്‌റയ്ക്കും ബി. സന്ധ്യയ്ക്കും പങ്ക്: നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ദിലീപ്


മകളുടെ മരണം മായാത്ത മുറിവായി ഞങ്ങളുടെ മനസില്‍ കിടക്കവേയാണ് ഒരു ദൂതനെപ്പോലെ അദ്ദേഹം വരുന്നത്. രാഷ്ട്രീയം ഏതുമാകട്ടെ അദ്ദേഹം ഞങ്ങള്‍ക്ക് ദൈവതുല്യനാണ്. നിര്‍ഭയയുടെ സഹോദരന് മാനസിക പിന്തുണ നല്‍കാനും അവനെ പഠിപ്പിച്ച് ഒരു പൈലറ്റാനാക്കാനും മുന്നില്‍ നിന്നത് രാഹുലായിരുന്നു.

എനിക്ക് രാഷ്ട്രീയത്തില്‍ യാതൊരു താത്പര്യവുമില്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. സത്യം എന്നും സത്യമായി തുടരും. അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. തന്റെ രാഷ്ട്രീയലാഭത്തനായല്ല ഇതൊന്നും ചെയ്യുന്നതെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതാണ്. മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹം ഇതെല്ലാം ചെയ്തത് അത് ഞങ്ങള്‍ക്കറിയാം.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് പറയരുതെന്ന് അദ്ദേഹം അന്നേ ആവശ്യപ്പെട്ടിരുന്നു. എന്റെ മകന്‍ ഇന്ന് ഒരു പൈലറ്റാണ്. അവന്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ചേരുകയും വിമാനം പറത്താന്‍ തുടങ്ങുകയും ചെയ്തു. രാഹുലിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. – ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിലെ ജീവനക്കാരന്‍ കൂടിയായ സിങ് പറയുന്നു.

2012 ഡിസംബര്‍ 16 നാണ് നിര്‍ഭയ ദല്‍ഹിയില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെടുന്നത്.