| Monday, 28th September 2020, 12:02 pm

കര്‍ഷക പ്രതിഷേധം രാഹുല്‍ മുന്നില്‍ നിന്ന് നയിക്കും; ആദ്യം പഞ്ചാബില്‍, പിന്നീട് ഹരിയാനയില്‍, പദ്ധതി ആവിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ആഴ്ച പഞ്ചാബില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയാണ് രാഹുല്‍ ഗാന്ധി നയിക്കുക.

പഞ്ചാബിന് ശേഷം ഹരിയാനയില്‍ നടക്കുന്ന കാര്‍ഷക പ്രതിഷേധ പരിപാടിയും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ രാഹുലിനെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച മൂന്ന് കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിട്ടുണ്ട്. കാര്‍ഷിക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമനമുയര്‍ത്തി നേരത്തേയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ആദ്യം നോട്ടുനിരോധനം പിന്നെ ജി.എസ്.ടി, അതിന് ശേഷം കൊവിഡില്‍ ദുരിതമനുഭവിക്കുന്നവരെ കൈവിട്ടു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു രൂപ പോലും സഹായം നല്‍യില്ല, ഇതിനിടെ പാവപ്പെട്ടവരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുക്കൊടുത്തിരിക്കുന്നു. ഇപ്പോള്‍ ഇതാ ഈ മൂന്ന് കാര്‍ഷിക ബില്ലുകളും.

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ ബില്ലുകള്‍ നമുക്ക് പിന്‍വലിപ്പിക്കണം. നിങ്ങള്‍ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് ഞാന്‍ കേന്ദ്രത്തെ പല തവണ ഓര്‍മ്മപ്പെടുത്തിയാണ്. കര്‍ഷകര്‍ തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. സമയം പാഴാക്കരുത്. എത്രയും പെട്ടെന്ന് ബില്ലുകള്‍ പിന്‍വലിക്കണം’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ബില്ലിനെതിരെ രണ്ട് കോടി ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമായിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ദല്‍ഹിയില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടര്‍ കത്തിച്ചത്. പൊലീസും അഗ്‌നിശമന സേനയുമെത്തിയാണ് ട്രാക്റ്റര്‍ സ്ഥലത്തു നിന്ന് നീക്കിയത്.

എന്നാല്‍ കര്‍ഷകരെ വഴിയാധാരമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകരിപ്പോള്‍.

കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടരമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.

ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi likely to join farmers’ protest in Punjab

We use cookies to give you the best possible experience. Learn more