വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ കത്ത്. വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്‌ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും കത്തില്‍ പറയുന്നു.
സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്നും നല്‍കുമെന്നും രാഹുല്‍ ഉറപ്പു നല്‍കി. ‘വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്നും നല്‍കും.’, രാഹുല്‍ കത്തില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌കൂളിന്റെ വികസനത്തിന് സമയബന്ധിത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ ബത്തേരി താലുക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു. ഡോക്ടര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.