| Wednesday, 6th October 2021, 3:25 pm

എന്റെ വണ്ടി പുറത്തുണ്ട്, നിങ്ങളാരാ എനിക്ക് വണ്ടിയേര്‍പ്പാടാക്കാന്‍; യു.പി പൊലീസിനോട് തര്‍ക്കിച്ച് രാഹുല്‍, ഒടുവില്‍ വഴങ്ങി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യു.പി പൊലീസും തമ്മില്‍ വിമാനത്താവളത്തില്‍ വാഗ്വേദം. വിമാനത്താവളത്തില്‍ നിന്ന് തങ്ങള്‍ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യാത്ര ചെയ്യണമെന്ന് അര്‍ധസൈനിക വിഭാഗവും പൊലീസും രാഹുലിനോട് പറഞ്ഞു.

എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. യാത്രയ്ക്കായി തന്റെ വാഹനം പുറത്തുണ്ടെന്നും അതില്‍ മാത്രമെ യാത്ര ചെയ്യൂവെന്നും രാഹുല്‍ പറഞ്ഞു.

‘നിങ്ങളാരാണ് എനിക്ക് യാത്രാവാഹനം തയ്യാറാക്കാന്‍? എനിക്ക് എന്റെ വണ്ടിയില്‍ പോകണം,’ രാഹുല്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യാത്ര ചെയ്താല്‍ മതിയെന്നും രാഹുലിനോട് പൊലീസ് പറഞ്ഞു. മാത്രമല്ല വാഹനവ്യൂഹം തങ്ങള്‍ നിശ്ചയിച്ച വഴിയിലൂടെ പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് കേള്‍ക്കാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും അര്‍ധസൈനിക വിഭാഗം തടഞ്ഞു. തന്റെ വാഹനത്തിലല്ലാതെ പോകില്ലെന്ന് രാഹുലും നിര്‍ബന്ധം പിടിച്ചതോടെ പൊലീസ് വഴങ്ങി.

പിന്നീട് കനത്ത സുരക്ഷയില്‍ സ്വന്തം വാഹനത്തിലാണ് രാഹുല്‍ ലഖിംപൂരിലേക്ക് പുറപ്പെട്ടത്.

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂരിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്ക് കൂടി ലഖിംപൂരിലേക്ക് പോകാം. യു.പി ആഭ്യന്തരവകുപ്പാണ് തീരുമാനം അറിയിച്ചത്.

നേരത്തെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

എന്തൊക്കെ തടസമുണ്ടായാലും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് പോകുമെന്നും രാഹുലിന്റെ സന്ദര്‍ശനത്തിന് നിരോധനാജ്ഞ തടസമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.

അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi Leaves Lucknow Airport After Brief Row With Security Staff

We use cookies to give you the best possible experience. Learn more