ന്യൂദല്‍ഹി: മഹാരാഷ്ട്രാ, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാഹുല്‍ ബാങ്കോക്കിലേക്കു യാത്ര തിരിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി വിശദീകരണവുമായി രംഗത്തെത്തി.
വ്യക്തിപരമായ കാരണങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തു.
ശനിയാഴ്ച വിസ്താര വിമാനത്തിലാണു രാഹുല്‍ പോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ മാസം 21-നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പും ഈ മാസം നടക്കും.
ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ വന്‍ ഭിന്നത ഉടലെടുത്തു നില്‍ക്കവെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാനയില്‍ മുന്‍ സംസ്ഥാനാധ്യക്ഷന്‍ അശോക് തന്‍വാര്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. പിന്നാലെ, മഹാരാഷ്ട്രയില്‍ പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.