ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ധ്യാനത്തിനായി രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം വിദേശത്തേക്ക് പോയത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിഷയമാക്കി നവംബര്‍ ഒന്നു മുതല്‍ എട്ട് വരെ 35 പത്രസമ്മേളനങ്ങള്‍ നടത്താനും നവംബര്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ പ്രതിഷേധങ്ങള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ പത്രസമ്മേളനങ്ങള്‍ നവംബര്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ ജില്ലാ തലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കും. മറ്റ് പാര്‍ട്ടികളും പങ്കെടുത്തുകൊണ്ടുള്ള പ്രധാന സമ്മേളനം ദല്‍ഹിയില്‍ വച്ച് നടത്താനാണ് തീരുമാനം.
നവംബര്‍ ആദ്യവാരം തിരികെ വന്നതിന് ശേഷം രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കും. രാഹുല്‍ സ്ഥിരമായി ഇത്തരത്തില്‍ യാത്രകള്‍ നടത്താറുണ്ടെന്നും പ്രതിഷേധ സംബന്ധമായ മുഴുവന്‍ പരിപാടികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ജില്ലാതലത്തിലും സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ നേരത്തേ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുകള്‍ മൂലം അത് ഒക്ടോബറില്‍ നിന്നും നവംബറിലേക്ക് മാറ്റുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് പരിഹസിച്ചു കൊണ്ട് ബി.ജെ.പി രംഗത്ത് വന്നു.
ധ്യാനത്തിന്റെ വലിയ പൈതൃകം പേറുന്ന ഇന്ത്യയില്‍നിന്നു രാഹുല്‍ ഗാന്ധി എന്തിനാണ് അതിനായി വിദേശത്തേക്കു പോകുന്നത് എന്നായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ചോദിച്ചത്.