| Tuesday, 28th March 2023, 12:54 pm

'രാഹുല്‍ വീടൊഴിയും'; തുഗ്ലക് ലൈനിലെ ഓര്‍മകള്‍ക്ക് ജനങ്ങളോട് നന്ദിയുണ്ടെന്ന് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി. വസതി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ലോക്‌സഭ ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് രാഹുല്‍ കത്തയച്ചു. തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ നടപടി.

തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭ അംഗമെന്ന നിലയില്‍ വസതിയില്‍ ചെലവഴിച്ച നല്ല നിമിഷങ്ങള്‍ക്ക് ജനങ്ങളോട് കടപ്പാടുണ്ടെന്ന് രാഹുല്‍ പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന് എഴുതിയ കത്തില്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ നടപടിയെ മാനിച്ച് കൊണ്ടാണ് വസതി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തുഗ്ലക് ലൈനിലെ വസതിയിലാണ് രാഹുല്‍ കഴിഞ്ഞിരുന്നത്.

2019 ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കി വിധി പുറപ്പെടുവിച്ചത്. കോടതിക്ക് വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി പാര്‍ലമെന്റ് കമ്മിറ്റി ഉത്തരവിറക്കി. തുടര്‍ന്ന് ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് കൊണ്ട് മാര്‍ച്ച് 27ന് ലോക്‌സഭ കത്തയച്ചിരുന്നു.

അതേ സമയം രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.

സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസം ബാക്കി നില്‍ക്കെ ധൃതി പിടിച്ച് രാഹുലിനെ അയോഗ്യനാക്കിയ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Content Highlight: rahul gandhi leave his house in delhi

We use cookies to give you the best possible experience. Learn more