| Wednesday, 28th July 2021, 11:54 am

സി.പി.ഐ.എം., സി.പി.ഐ., ഡി.എം.കെ., 14 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ട് രാഹുല്‍ ഗാന്ധി; പെഗാസസില്‍ കേന്ദ്രത്തിനെതിരെ പുതിയ നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അഴിമതിയില്‍ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദ്ധതിയൊരുങ്ങുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

ശിവസേന, സി.പി.ഐ., സി.പി.ഐ.എം. രാഷ്ട്രീയ ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ. എന്നീ നേതാക്കള്‍ യോഗത്തിന്റെ ഭാഗമായിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ നമ്പറും ഉള്‍പ്പെട്ടിരുന്നു. രാഹുലിനെ പെഗാസസ് ‘പൊട്ടന്‍ഷ്യല്‍’ ടാര്‍ഗറ്റായി കണ്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പെഗാസസിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ പിടിച്ചുപറിക്കുകയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rahul Gandhi Leads Opposition Meet To Crank Up Pegasus Heat On Government

We use cookies to give you the best possible experience. Learn more