|

ഒറ്റയ്ക്കു പൊരുതാനാവാത്തവര്‍ക്കായി ഞങ്ങള്‍ പൊരുതും, സ്വാതന്ത്ര്യസമരത്തിന്റെ ഊര്‍ജമാണ് കോണ്‍ഗ്രസിന്റെ വെളിച്ചം: രാഹുല്‍ ഗാന്ധി

എഡിറ്റര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യമെമ്പാടും ബി.ജെ.പി അക്രമത്തിന്റെ തീ പടര്‍ത്തുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ ഒരുമിച്ചു നില്‍ക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

“ആര്‍ക്കെങ്കിലും ബി.ജെ.പിയുടെ ഈ ചെയ്തികള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമാണ്. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നമ്മള്‍ പൊരുതും. ബി.ജെ.പിയെ ഞങ്ങള്‍ സഹോദരീ സഹോദരന്മാരെപ്പോലെയാണ് കാണുന്നത്. എന്നാല്‍ അവരുമായി ഒരിക്കലും യോജിക്കുന്നില്ല. അവര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. ഞങ്ങള്‍ അവരെ സംസാരിക്കാന്‍ അനുവദിക്കുന്നു.” രാഹുല്‍ പറഞ്ഞു.

ജനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുളളതാണ് രാഷ്ട്രീയം. എന്നാല്‍ ഇന്ന് അത് ഉപയോഗിക്കുന്നത് ജനങ്ങളെ അടിച്ചമര്‍ത്താനാണ്. സത്യസന്ധതയും ദയാവായ്പുമില്ലാത്തതാണ് ഇന്നത്തെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

“അവര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സമൂഹത്തെ സേവിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.” രാഹുല്‍ പറഞ്ഞു.

എഡിറ്റര്‍