'പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ കലാപത്തേക്കാള്‍ താല്‍പര്യം ഇസ്രഈല്‍ - ഹമാസ് വിഷയത്തില്‍'; മിസോറാമില്‍കോണ്‍ഗ്രസ് പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
national news
'പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ കലാപത്തേക്കാള്‍ താല്‍പര്യം ഇസ്രഈല്‍ - ഹമാസ് വിഷയത്തില്‍'; മിസോറാമില്‍കോണ്‍ഗ്രസ് പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 5:28 pm

 

ഐസ്വാള്‍: നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച നഗരത്തിലെ ചന്‍മാരിയില്‍ നിന്നും ട്രഷറി സ്‌കറിയിലേക്ക് അദ്ദേഹം പദയാത്ര നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഐസ്വാളിലെത്തിയത്.

ചന്മരി ജംഗ്ഷനില്‍ നിന്ന് രാജ്ഭവനിലേക്ക് അഞ്ച് കിലോമീറ്ററോളം പദയാത്ര നടത്തിയ രാഹുല്‍ ഗാന്ധി ഗവര്‍ണര്‍ ഹൗസിന് സമീപം റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ കലാപത്തേക്കാള്‍ താല്‍പര്യം ഇസ്രഈല്‍ – ഹമാസ് വിഷയത്തിലാണെന്ന് രാഹുല്‍ ഗാന്ധി റാലിയില്‍ കുറ്റപ്പെടുത്തി. കൂടാതെ ജൂണിലെ തന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിലെ കാഴ്ചകള്‍ തനിയ്ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാണെന്നും മണിപ്പൂര്‍ നശിപ്പിച്ചത് ബി.ജെ.പി യാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു എന്നിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടത് ഒരു ആവശ്യമായി പ്രധാനമന്ത്രിയ്ക്ക് തോന്നിയില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇത് ലജ്ജിക്കേണ്ട വിഷയമാണ്. മണിപ്പൂരില്‍ നടക്കുന്നത് ഇന്ത്യ എന്ന ആശയത്തിനുമേലുള്ള ആക്രമണമാണ്. കോണ്‍ഗ്രസ് ഭാരത് ജോഡോയിലൂടെ ശ്രമിച്ചത് എല്ലാ ഭാഷ, മത, സംസ്‌കാരങ്ങളെയും സംരക്ഷിക്കാനാണ്,’ അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ചൊവ്വാഴ്ച പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് മിേസാറാം കോണ്‍ഗ്രസ് മീഡിയാ സെല്‍ ചെയര്‍മാന്‍ രെന്തലി പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ലുങ്‌ലെയ് നഗരത്തില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി 17 ന് ദല്‍ഹിയിലേക്ക് മടങ്ങും.

Content highlight: Rahul Gandhi kick starts congress cambaign in poll-bound Missoram