| Friday, 27th November 2020, 6:23 pm

രാഹുല്‍ ഗാന്ധി നല്‍കിയ പ്രളയകിറ്റ് നശിച്ച സംഭവം; നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എം.പി നല്‍കിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടര്‍ന്ന് പുഴുവരിച്ച് നശിച്ചത്. ആദിവാസി, ഗോത്രമേഖലയില്‍ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂര്‍ണമായും നശിച്ചത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് കെട്ടിടം ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യക്കിറ്റുകള്‍ നശിച്ച നിലയില്‍ കണ്ടത്.

സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഡി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശാണ് സംഭവത്തില്‍ വിശദീകരണം തേടിയത്.

2019 ആഗസ്റ്റിലെ പ്രളയകാലത്ത് വിതരണത്തിന് എത്തിച്ച കിറ്റുകള്‍ നിലമ്പൂരില്‍ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശം സ്വകാര്യ കെട്ടിടത്തിലെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.

കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ചിത്രമുള്ളവ ഉള്‍പ്പെടെ ഇരുനൂറോളം കിറ്റുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം ഗൗരവമായി കാണുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളെയാണ് ഏല്‍പിച്ചിരുന്നത്. മറ്റെവിടെയും പരാതി ഉണ്ടായിട്ടില്ല.

വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വി.വി.പ്രകാശ് അറിയിച്ചിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിരുന്നു. ഇവര്‍ പ്രകടനവും നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ സംഭവം വലിയ ചര്‍ച്ചയായി.

ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Kerala Flood Kit Nilambur Municipal Congress

We use cookies to give you the best possible experience. Learn more