രാഹുല്‍ഗാന്ധി, കനിമൊഴി, കെ.സി. വേണുഗോപാല്‍; പാര്‍ലമെന്റില്‍ പഴയ സഹപ്രവത്തകര്‍ക്കൊപ്പം വീണ്ടും എം.ബി. രാജേഷ്; ചിത്രങ്ങള്‍ വൈറല്‍
Kerala News
രാഹുല്‍ഗാന്ധി, കനിമൊഴി, കെ.സി. വേണുഗോപാല്‍; പാര്‍ലമെന്റില്‍ പഴയ സഹപ്രവത്തകര്‍ക്കൊപ്പം വീണ്ടും എം.ബി. രാജേഷ്; ചിത്രങ്ങള്‍ വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 5:17 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ തന്റെ പഴയ സഹപ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ട് മുന്‍ എം.പിയും കേരള സ്പീക്കറുമായ എം.ബി. രാജേഷ്. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് എം.പിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എം.ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഔദ്യോഗികാവശ്യത്തിന് ദല്‍ഹിയിലെത്തിയപ്പോഴാണ് പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതെന്ന് രാജേഷ് അറിയിച്ചു.

‘ശ്രീ. രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാല്‍, ശ്രീ. എം.കെ. രാഘവന്‍, ശ്രീ ഗൗരവ് ഗോഗോയ് തുടങ്ങി പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി.

ഔദ്യോഗികാവശ്യത്തിന് ദല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്.

 

ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എം.പി.മാര്‍ക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി,’ എന്നാണ് എം.ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് രണ്ട് തവണ എം.പിയായ വ്യക്തിയാണ് എം.ബി. രാജേഷ്. 2009 മുതല്‍ 2019 വരെ അദ്ദേഹം പാര്‍ലമെന്റ് മെമ്പറായി പ്രവര്‍ത്തിച്ചു.

എന്നാല്‍ 2019ല്‍ കോണ്‍ഗ്രസിന്റെ വി.കെ. ശ്രീകണ്ഠനില്‍ നിന്ന് അദ്ദേഹത്തിന് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. പിന്നീട് 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുകയും തുടര്‍ന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

CONTENT HIGHLIGHGT: Rahul Gandhi, Kanimozhi, K.C. Venugopal; M.B. Rajesh again with his old colleagues in Parliament. Pictures go viral