ഭോപ്പാൽ: രാഹുൽ ഗാന്ധി ഒരു സാധാരണ പാർട്ടി പ്രവർത്തകനും പാർലമെന്റ് അംഗവുമാണെന്നും അദ്ദേഹത്തെ വലിയ നേതാവായി കാണേണ്ടതില്ലെന്നും മുൻ എം.പിയും മധ്യപ്രദേശ് കോൺഗ്രസ് നേതാവുമായ ലക്ഷ്മൺ സിങ്.
ഗുണയിലെ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരൻ കൂടിയായ ലക്ഷ്മൺ സിങ്ങിന്റെ പരാമർശം.
‘രാഹുൽ ഗാന്ധി ഒരു എം.പിയാണ്. പാർട്ടി അധ്യക്ഷനല്ല. അദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകനാണ്,’ ലക്ഷ്മൺ സിങ് പറഞ്ഞു.
മാധ്യമങ്ങൾ രാഹുൽ ഗാന്ധിക്ക് അനാവശ്യമായ ശ്രദ്ധ നൽകുകയാണെന്നും ലക്ഷ്മൺ സിങ് പറഞ്ഞു.
‘ജന്മത്തിലൂടെയല്ല ഒരാൾ വലിയവനാകുന്നത്, പ്രവർത്തികളിലൂടെയാണ്. രാഹുൽ ഗാന്ധിയെ അങ്ങനെ ഒരു വലിയ നേതാവായി കാണരുത്. ഞാൻ അങ്ങനെ കാണുന്നില്ല. അദ്ദേഹം ഒരു സാധാരണ എം.പിയാണ്. നിങ്ങൾ അദ്ദേഹത്തെ കൊട്ടിഘോഷിച്ചാലും ഇല്ലെങ്കിലും,’ ലക്ഷ്മൺ സിങ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി തയ്യാറെടുക്കുന്ന വേളയിലാണ് ലക്ഷ്മൺ സിങ്ങിന്റെ പരാമർശം.
ഗുണ ജില്ലയിലെ രഘോഗഢിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിങ് ബി.ജെ.പിയുടെ പ്രിയങ്ക പെഞ്ചിയോട് 61,570 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിക്കകത്തുള്ള തർക്കമാണ് പരാജയത്തിന് കാരണമെന്ന് ലക്ഷ്മൺ സിങ് കുറ്റപ്പെടുത്തിയിരുന്നു. സർവേകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും എത്ര സീറ്റുകളിൽ അട്ടിമറി നടക്കുമെന്ന് സർവേകൾക്ക് വെളിപ്പെടുത്താൻ സാധിച്ചില്ലെന്നായിരുന്നു ലക്ഷ്മൺ സിങ്ങിന്റെ ആരോപണം.
Content Highlight: Rahul Gandhi just an ordinary party worker: Cong leader Laxman Singh