national news
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി: അശോക് ഗെഹ്‌ലോട്ട്
ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ പാര്‍ട്ടികളും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും ഇന്ത്യന്‍ സഖ്യത്തെ കുറിച്ച് സംസാരിക്കവെ ഗെഹ്‌ലോട്ട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഘടകത്തിന് പ്രാധാന്യമുണ്ടെന്നും എന്നാല്‍ നിലവിലെ രാജ്യത്തിന്റെ അവസ്ഥ എല്ലാ പാര്‍ട്ടികളിലും സമര്‍ദ്ദമുണ്ടാക്കിയെന്നും ഇന്ത്യന്‍ സഖ്യത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കവെ ഗെഹ്‌ലോട്ട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
‘പൊതു ജനങ്ങള്‍ അത്തരം സമര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു, അതിന്റെ ഫലമായാണ് ഇന്ത്യന്‍ സഖ്യം ഉണ്ടായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും 2014ല്‍ അദ്ദേഹം അധികാരത്തില്‍ വന്നത് 31 ശതമാനം വോട്ടുകള്‍ക്കാണെന്നും ബാക്കിയുള്ള 69 ശതമാനം വോട്ടും അദ്ദേഹത്തിന് എതിരാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ഇന്ത്യന്‍ സഖ്യം ബെംഗളൂരുവില്‍ യോഗം ചേര്‍ന്നപ്പോള്‍ എന്‍.ഡി.എക്ക് ഭയപ്പാടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടു നേടി ജയിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെയും ഗെഹ്‌ലോട്ട് തള്ളി.
‘2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് 50 ശതമാനം വോട്ട് നേടാനാകില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ പോലും അദ്ദേഹത്തിന് 50 ശതമാനം വോട്ട് നേടാന്‍ സാധിച്ചിട്ടില്ല. ഇപ്രാവശ്യം അദ്ദേഹത്തിന്റെ വോട്ട് കുറയും. ആരാണ് പ്രധാനമന്ത്രിയെന്നത് ഫലങ്ങള്‍ തീരുമാനിക്കും,’ ഗെഹ്‌ലോട്ട് പറഞ്ഞു.
തീരുമാനം എടുക്കേണ്ടത് ജനങ്ങളാണ്, അവരുടെ തെരഞ്ഞെടുപ്പിന് എല്ലാവരും മാനിക്കണം. പ്രധാനമന്ത്രി നിരവധി വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ 3ന്റെ വിജയത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സംഭാവനകളുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.’ചന്ദ്രയാന്‍ 3യുടെ വിജയത്തില്‍ നെഹ് റുവിന്റെ സംഭാവനകള്‍ നിര്‍ണായകമാണ്. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ നേട്ടം,’ അദ്ദേഹം പറഞ്ഞു.
ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ നിര്‍ദേശം നെഹ്‌റു കേട്ടതിനെ തുടര്‍ന്നാണ് ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ആദ്യം മറ്റെന്തോ പേരാണ് ഇതിന് നല്‍കിയിരുന്നതെന്നും പിന്നീട് ഇന്ദിരാ ഗാന്ധി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഐ.എസ്.ആര്‍.ഒയെന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul gandhi is the congress PM candidate for 2024 loksabha election