| Thursday, 19th September 2024, 2:47 pm

'രാഹുല്‍ ഗാന്ധി പോളിഷ് ചെയ്ത ഉത്പന്നം'; മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ പരാമര്‍ശം. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ പോളിഷ് ചെയ്ത് വീണ്ടും ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ഖാര്‍ഗെ എന്നാണ് ജെ.പി. നദ്ദയുടെ ആരോപണം. രാഹുല്‍ ഗാന്ധി രാജ്യ വിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്നും നദ്ദ ആരോപിച്ചു.

രാഹുല്‍ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടുന്നുവെന്നും അദ്ദേഹത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എന്തിനാണ് അഭിമാനം കൊള്ളുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജാതീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ ഖാര്‍ഗെ മൗനം പാലിക്കുന്നുവെന്നും നദ്ദ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഹുലിനെ ഖാര്‍ഗെ എതിര്‍ക്കുന്നില്ലെന്നും നദ്ദ പരാമര്‍ശിച്ചു.

‘എന്ത് നിര്‍ബന്ധപ്രകാരമാണ് നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ നിരസിച്ച ഉത്പന്നത്തെയാണ് നിങ്ങള്‍ പോളിഷ് ചെയ്യുന്നത്. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വായിച്ചപ്പോള്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തോന്നി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ നിങ്ങള്‍ മൗനം പാലിക്കുന്നു,’ ജെ.പി. നദ്ദ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയത്.

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പരാമര്‍ശങ്ങളുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ അതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.പി. നദ്ദ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തെഴുതുന്നത്.

രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ വിമര്‍ശനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

content Highlight: rahul gandhi is polidhed product; JP NADDA in letter to mallikarjun kharge

We use cookies to give you the best possible experience. Learn more