| Tuesday, 29th November 2022, 2:08 pm

രാഹുല്‍ ഗാന്ധി നിങ്ങളുടെ മനസിലാണ്, ആ രാഹുല്‍ ഗാന്ധിയെ ഞാന്‍ എന്നേ ഉപേക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ഒപ്പംനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയെ പലരും കാണുന്നത്.

എന്നാല്‍ തന്നെ മുന്നില്‍ നിര്‍ത്തിയുള്ള ഒരു പ്രചരണമല്ല നടത്തുന്നതെന്ന് വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയ ലക്ഷ്യത്തെ കുറിച്ച് രാഹുല്‍ സംസാരിച്ചത്.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ രാഹുല്‍ ഗാന്ധിയെ ഉപേക്ഷിച്ചു. രാഹുല്‍ ഗാന്ധി നിങ്ങളുടെ മനസ്സിലാണ്, എന്റെ മനസിലല്ല. അത് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കൂ, എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

തന്റെ ഈ വാക്കുകള്‍ക്ക് ചിലര്‍ കൈയടി ലഭിച്ചപ്പോള്‍, നോക്കൂ ആരോ കയ്യടിക്കുന്നുണ്ടെന്നും അവര്‍ക്ക് കാര്യം മനസിലായിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ തുടര്‍ന്ന് പറഞ്ഞത്. ഒരാള്‍ക്ക് മനസിലായി. ഇതാണ് നമ്മുടെ രാജ്യത്തിന്റെ തത്വശാസ്ത്രം. അത് മനസിലാക്കൂ.
അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും, എന്നായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയിലെ ജനങ്ങളില്‍ നിന്നും ലഭിച്ച വീക്ഷണം എന്താണെന്നും പോസിറ്റീവുകള്‍ എന്താണെന്നുമുള്ള ചോദ്യത്തിന് ക്ഷമയെന്തെന്ന് താന്‍ പഠിച്ചു എന്നായിരുന്നു രാഹുലിന്റെ മറുപടി.

‘ഈ യാത്ര എന്നെ ക്ഷമ എന്താണെന്ന് വളരെയധികം പഠിപ്പിച്ചു. നേരത്തെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ അസ്വസ്ഥനാകുമായിരുന്നു. ഇപ്പോള്‍ ഞാന്‍ എട്ട് മണിക്കൂര്‍ വരെ ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാണ്.

ഭാരത് ജോഡോ യാത്ര അല്പം കൂടി നേരത്തെ നടത്തിയാല്‍ നന്നായിരുന്നു എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് എല്ലാം അതിന്റേതായ സമയത്താണ് സംഭവിക്കുന്നത്,’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

സമയമാകുമ്പോള്‍ അത് സംഭവിക്കും. അതിനുമുമ്പ് അത് നടക്കില്ല. 25-26 വയസ്സുള്ളപ്പോള്‍ ഞാന്‍ ഇത്തരമൊരു യാത്രയെക്കുറിച്ച് ചിന്തിച്ചിരുന്നു. ജയറാം (ജയറാം രമേശ്) ജിക്ക് പോലും അറിയില്ല. ഒരു വര്‍ഷം മുമ്പ് ഞാന്‍ ഇത്തരമൊരു യാത്രയെ കുറിച്ച് വിശദമായി ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് കാരണവും മറ്റു ചില കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണെന്നാണ് മനസിലാക്കുന്നത്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എന്ന ആശയത്തിന് വേണ്ടി നിലകൊള്ളാനുള്ള തപസ്യയാണ് ഈ യാത്രയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോയ നേതാക്കളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഈ ചോദ്യം കോണ്‍ഗ്രസിന്റെ അധ്യക്ഷനോടും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തോടുമാണ് ചോദിക്കേണ്ടത് എന്നായിരുന്നു രാഹുലിന്റെ മറുപടി. പണം വാങ്ങി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ തയ്യാറാകുന്നവരെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് തന്റെ നിലപാടെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: Rahul Gandhi Is On Your Mind, Not Mine: Rahul Gandhi To A Question

We use cookies to give you the best possible experience. Learn more