|

ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താനൊരുങ്ങി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബി.ജെ.പി ഭരണത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം അവസാനത്തോടെ റാലി സംഘടിപ്പിക്കാനാണ് നീക്കം.

രാഹുല്‍ ഗാന്ധി നടത്തുന്ന റാലി തങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും, ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇതിന് കഴിയില്ലെന്നും പറഞ്ഞിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ.

‘രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാഗ്പൂരില്‍ വന്ന് റാലി സംഘടിപ്പിക്കട്ടെ. ഞങ്ങള്‍ക്കതിലൊരു പ്രശ്‌നവുമില്ല. ഞങ്ങളെ പിന്തുണക്കുന്നവര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനോ ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനോ ഈ റാലി കൊണ്ട് സാധിക്കില്ല. റാലിയുടെ മറവില്‍ സാമുദായികമായ വേര്‍തിരിവോ ശത്രുതയോ സൃഷ്ടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുകയാണെങ്കില്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയാണെങ്കില്‍ അത് പൊലീസ് നടപടികള്‍ക്ക് കാരണമാകും,’ ചന്ദ്രശേഖര്‍ പറഞ്ഞു.

എന്നാല്‍ റാലിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെ പറയുന്നത്.

‘റാലി നടത്തുന്ന കാര്യത്തില്‍ ബി.ജെ.പി ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. റാലിയുടെ വേദിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടലുകളുണ്ടായേക്കാം. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് പൊതുറാലികള്‍ നടത്തുന്നതില്‍ നിന്ന് ആര്‍ക്കും ആരെയും തടയാനാവില്ല,’ പടോലെ പറഞ്ഞു.

ഷിന്‍ഡെ-ഫട്‌നാവിസ് ഗവണ്‍മെന്റ് നിയമത്തിനു വിരുദ്ധമായി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എല്ലാ പാര്‍ട്ടികള്‍ക്കും മീറ്റിങ്ങുകളും റാലികളും സംഘടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും വിദര്‍ഭയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

വിദര്‍ഭ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ സംഭവിച്ച ഇടിവ് ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. കഴിഞ്ഞ് മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇത് പ്രകടമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 62 നിയമസഭ സീറ്റുകളില്‍ 29 എണ്ണത്തില്‍ മാത്രമായിരുന്നു ബി.ജെ.പിക്ക് വിജയിക്കാനായത്. എന്നാല്‍ 2014ല്‍ ബി.ജെ.പി ഇവിടെ 44 സീറ്റുകള്‍ നേടിയിരുന്നു.

ആര്‍.എസ്.എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നാഗ്പൂര്‍. മാത്രമല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്‌നാവിസ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ നാഗ്പൂരില്‍ നിന്നുള്ളവരാണ്. അത്തരത്തില്‍ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ മേഖലയാണിത്. ഇവിടെ തങ്ങളുടെ സ്വാധീനത്തിന് ചെറിയ പോറല്‍ പോലുമുണ്ടാക്കുന്ന നീക്കങ്ങളെ ഒരു തരത്തിലും ബി.ജെ.പി അനുവദിക്കാനിടയില്ല.

സംസ്ഥാനത്തെ പ്രതിപക്ഷമായ മഹാവികാസ് അഖാടി ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനായി നടത്തുന്ന നീക്കങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തില്‍ രാഹുലിന്റെ റാലി മേഖലയില്‍ ഏതെങ്കിലും തരത്തിലുളള സ്വാധീനം ചെലുത്തുമോ എന്നുള്ള ഭയം ബി.ജെ.പിക്കുണ്ട്.

Content Highlights: Rahul Gandhi is going to hold a rally in Nagpur