| Sunday, 9th January 2022, 2:05 pm

രാഹുല്‍ ഗാന്ധി എപ്പോഴും വിദേശത്താണ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും ഇവിടെയില്ല: രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുലിനെ കണ്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

‘രാഹുല്‍ ഗാന്ധി എപ്പോഴും വിദേശത്താണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും അദ്ദേഹം ഇവിടെയില്ല. രാഹുല്‍ ഗാന്ധി എപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ,’ ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, രാജ്യത്തെ കോണ്‍ഗ്രസ് തകരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ചക്ക് വഴിയൊരുക്കും. രാജ്യത്തിന്റെ മതേതര സ്വഭാവമാകും അതുവഴി നശിക്കുക. കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രുവാണ് ബി.ജെ.പിയും ആര്‍.എസ്.എസെന്നും ബിനോയ് വിശ്വം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടത് പക്ഷത്തിന് ഇല്ല.

കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

എന്നാല്‍ ബിനോയ്‌ക്കെതിരെ സി.പി.ഐ.എം- സി.പി.ഐ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വത്തിനെതിരെ സി.പി.ഐ എക്സിക്യൂട്ടീവില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.

കോണ്‍ഗ്രസിനെ അനുകൂലിച്ച് പ്രസ്താവന നടത്തുമ്പോള്‍ അത് എല്‍.ഡി.എഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നെന്നും ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും എക്സിക്യൂട്ടീവില്‍ പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

അതേസമയം, ബിനോയ് വിശ്വത്തെ പിന്തുണച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലൂടെയായിരുന്നു ജനയുഗത്തിന്റെ പരസ്യപിന്തുണ.

ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നുമായിരുന്നു ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോണ്‍ഗ്രസിന് അനുകൂല നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് നല്ലതല്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

സി.പി.എം.എമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന കാര്യത്തില്‍ പൂര്‍ണ യോജിപ്പാണുള്ളതെന്നും അക്കാര്യത്തില്‍ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട ഘടകമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Rahul Gandhi is always abroad, not even when elections are announced: Binoy Vishwam with harsh criticism

We use cookies to give you the best possible experience. Learn more