| Friday, 26th August 2022, 3:15 pm

'രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ അനുഗ്രഹം': ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ അനുഗ്രഹമാണെന്ന വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശര്‍മ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ 2015ല്‍ എഴുതിയ കത്തും ഗുലാം നബി ആസാദിന്റെ രാജിക്കത്തും പരിശോധിച്ചാല്‍ ധാരാളം സാമ്യതകള്‍ അതില്‍ കാണാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്തവനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും സോണിയ ഗാന്ധി പാര്‍ട്ടിയെയല്ല മകനെയാണ് പ്രമോട്ട് ചെയ്യാന്‍ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2015ല്‍ ഞാന്‍ എഴുതിയ കത്തും ഇന്നത്തെ ഗുലാം നബി ആസാദിന്റെ രാജിക്കത്തും പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഒരുപാട് സാമ്യതകള്‍ കാണാനാകും. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ എല്ലാവര്‍ക്കുമറിയാം രാഹുല്‍ ഗാന്ധി പക്വതയില്ലാത്തവനാണെന്ന്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടിയെ വേണ്ടവിധം നോക്കുന്നില്ല എന്ന് വേണം പറയാന്‍. അവര്‍ മകനെ പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ്. പക്ഷേ അതൊരു തോല്‍വിയാണ്. അവരുടെ പരിശ്രമങ്ങള്‍ വിജയിക്കുമെന്നതിന്റെ യാതൊരു സാധ്യതകളും ഇതുവരെ കാണാനില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയോട് കൂറുണ്ടായിരുന്ന നേതാക്കളെല്ലാം പാര്‍ട്ടി വിടേണ്ട അവസ്ഥയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. ഇതിന് പിന്നാലെ സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിയെ ആസാദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടേത് പക്വതയില്ലാത്തതും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

സോണിയ ഗാന്ധി മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും നല്‍കിയിരുന്നുവെന്നും ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നുവെന്നും, എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അഞ്ച് പേജുള്ള രാജിക്കത്താണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്.

ഏറെക്കാലമായി താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ തീരുമാനങ്ങളെ അംഗീകരിക്കാനും അവ മനസിലാക്കാനും സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് ഒന്നാം യു.പി.എ സര്‍ക്കാരും രണ്ടാം യു.പി.എ
സര്‍ക്കാരുമുണ്ടാകാന്‍ വഴിവെച്ചതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

2013ല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിന് ശേഷമാണ് കോണ്‍ഗ്രസില്‍ കാര്യമായ വീഴ്ചകളുണ്ടായതെന്നും ഗുലാം നബി ആസാദ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Rahul gandhi is a boon to bjp says himanta biswa sarma amid resignation of ghulam nabi azad

We use cookies to give you the best possible experience. Learn more