ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടന പത്രികയില്‍ ഒരിക്കലും നടപ്പില്‍ വരുത്താനാവാത്ത കാര്യങ്ങളാണുള്ളതെന്നും നടക്കാത്ത സ്വപ്‌നങ്ങള്‍ കാട്ടി ജനങ്ങളെ വിഡ്ഢിയാക്കുകയാണ് കോണ്‍ഗ്രസെന്നുമാണ് മോദി ആരോപിക്കുന്നതെന്നായിരുന്നു ചോദ്യം.
പ്രകടന പത്രിക ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഇതിനു മറുപടി നല്‍കുന്നത്. പ്രകടന പത്രികയുടെ കവര്‍ പേജ് കാട്ടി അദ്ദേഹം പറയുന്നു, ‘ഇതില്‍ തന്റെ ചിത്രവും കോണ്‍ഗ്രസിന്റെ ചിഹ്നവും വളരെ ചെറുതാണ്. ജനങ്ങളാണ് ഭൂരിഭാഗവും. നരേന്ദ്രമോദിജിയുടെ പ്രകടന പത്രികയില്‍ മുഴുവനും മോദിയുടെ മുഖം നിറഞ്ഞു നില്‍ക്കുകയാണ്. ഈ ഫിലോസഫിയാണ്.’
ഇതിലുള്ളതെല്ലാം ജനങ്ങളോട് ചോദിച്ചശേഷം അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു തയ്യാറാക്കിയതാണെന്നും രാഹുല്‍ മറുപടി നല്‍കുന്നു.
‘ഇതില്‍ കര്‍ഷകരുടെ വാക്കുകളുണ്ട്, തൊഴിലാളികളുടെ വാക്കുകളുണ്ട്. ന്യായ് യോജന എന്നിവയെല്ലാം. നരേന്ദ്രമോദി പതിനഞ്ച് ലക്ഷമെന്ന കള്ളം പറഞ്ഞു. 15 ലക്ഷത്തിന്റെ കാര്യം എന്തായെന്ന് നരേന്ദ്രമോദിയോട് ചോദിക്കൂ, രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുന്ന കാര്യം എന്തായെന്ന് ചോദിക്കൂ, കര്‍ഷകര്‍ക്ക് നല്ല വരുമാനം കിട്ടുമെന്ന കാര്യം എന്തായെന്ന് ചോദിക്കൂ. ഇനിയൊരു അഭിമുഖം മോദിയുമായി നടത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചോദിക്കൂ, എന്റെയൊപ്പം റഫാലിനെക്കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോയെന്ന്. 15 മിനിറ്റ് സംവാദത്തിനു തയ്യാറുണ്ടോ.’ എന്നായിരുന്നു രാഹുലിന്റെ മറുപടി.