| Saturday, 11th May 2019, 5:41 pm

'മായാവതി ദേശീയചിഹ്നം; അവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നു'; മായാവതിയെ പ്രശംസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരേ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുന്ന ബി.എസ്.പി അധ്യക്ഷ മായാവതിയെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ രാഹുല്‍, അവരെ ‘ദേശീയചിഹ്നം’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ഞുരുക്കാനുള്ള രാഹുലിന്റെ ശ്രമം.

‘മായാവതി ഒരു ദേശീയചിഹ്നമാണ്. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയിലല്ലായിരിക്കാം. പക്ഷേ അവര്‍ രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. അവരെ ബഹുമാനിക്കുക, സ്‌നേഹിക്കുക. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ ആശയത്തിനുവേണ്ടി പോരാടുന്നുണ്ടെന്നും അവരുമായി ഒരു രാഷ്ട്രീയയുദ്ധം നടത്തുന്നുണ്ടെന്നതും ശരിയാണ്. പക്ഷേ അവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകളെ ഞാന്‍ ബഹുമാനിക്കുന്നു.’- രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതിനുശേഷം പലവട്ടം കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി മായാവതി ഉപമിച്ചിരുന്നു. ഏപ്രില്‍ 26-നു ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇന്ന് മായാവതി വിമര്‍ശിച്ചതിനു തൊട്ടുപിറകെയാണു രാഹുലിന്റെ പരാമര്‍ശങ്ങള്‍.

എന്നാല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ മായാവതിയെ ഉപയോഗിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരേ ഈമാസം ആദ്യം മായാവതി രംഗത്തെത്തിയതു ശ്രദ്ധേയമായിരുന്നു. അന്ന് പ്രതിപക്ഷ ഐക്യത്തിന്റെ ശുഭസൂചനകളാണു മായാവതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തില്‍ കോണ്‍ഗ്രസില്ലെങ്കിലും രാഹുലും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഇവിടെ ഇരുവര്‍ക്കും സഖ്യം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ആറിന് ഇവിടെ വോട്ടെടുപ്പ് നടന്നിരുന്നു.

We use cookies to give you the best possible experience. Learn more