കാലിഫോര്‍ണിയ: താന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച രാത്രി കാലിഫോര്‍ണിയയിലെ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘2000ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തെ കാര്യങ്ങളാണ്.
പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ ഇതൊരു വലിയ അവസരമാണെന്ന് മനസിലായി. എനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അവസരമാണിത്. ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയം മുന്നോട്ട് പോകുന്നത്,’ രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയെക്കുറിച്ചും രാഹുല്‍ മനസ് തുറന്നു. ‘ഏകദേശം ആറ് മാസം മുമ്പാണ് ഈ നാടകത്തിന് തുടക്കം. ഞങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുപോലെ പ്രയാസത്തിലായ ഘട്ടമായിരുന്നു അത്.
എതിരാളികള്‍ക്ക് വലിയ സാമ്പത്തികമായ ആധിപത്യം, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നു. ജനാധിപത്യ പോരാട്ടത്തെ ചെറുക്കാന്‍ ഞങ്ങള്‍ പാടുപെടുകയായിരുന്നു. ഈ സമയത്താണ് ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. നമ്മുടെ പോരാട്ടം നമ്മുടെ പോരാട്ടമാണെന്ന് ഇപ്പോള്‍ എനിക്കുറപ്പുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹവുമായും അധ്യാപകരുമായും സംവദിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. എന്റെ വിദേശ പര്യടനങ്ങളിലൊന്നും ആരുടെയും സഹായം ഞാന്‍ വാങ്ങാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ഇവിടെയെത്തി നിങ്ങളോട് സംവദിക്കാത്തതെന്നത് എനിക്ക് മനസിലാകുന്നില്ല,’ രാഹുല്‍ പറഞ്ഞു.