national news
എല്ലാ കള്ളന്‍മാര്‍ക്കും മോദിയാണ് പേരെന്ന പരാമര്‍ശം; മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 24, 06:19 am
Thursday, 24th June 2021, 11:49 am

അഹമ്മദാബാദ്: ബി.ജെ.പി. എം.എല്‍.എ. നല്‍കിയ അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹാജരായി. എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഹാജരായത്.

മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

2019ല്‍ ഏപ്രില്‍ 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുലിന്റെ പ്രസംഗം മുഴുവന്‍ മോദി സമുദായത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്.

‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി … ഇവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന കുടുംബപേര് ലഭിച്ചത്? എല്ലാം കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് ലഭിച്ചത് എങ്ങനെയാണ്’ എന്നാണ് പ്രസംഗത്തില്‍ രാഹുല്‍ ചോദിച്ചത്.

ഇതിന് പിന്നാലെയാണ് സൂററ്റ് വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗം പൂര്‍ണേഷ് മോദി രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2019 ല്‍ തന്നെ കോടതിയില്‍ ഹാജരായി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും വ്യാജ അപകീര്‍ത്തി കേസാണിതെന്നും രാഹുല്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi in Surat, hearing begins in defamation case over his remark on ‘Modi surname’