|

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയില്‍ കെ.എല്‍. ശര്‍മ; അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട്‌ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരമ്പരാഗതമായി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശില റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വളരെനാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഈ രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നേരത്തെ രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്ന അമേഠിയില്‍ കെ.എല്‍ ശര്‍മയും, നേരത്തെ സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പുറത്തിറക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇരുവരും ഇന്നു തന്നെ പത്രിക സമര്‍പ്പിക്കും.

വയനാടിന് പുറമെ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാം മണ്ഡലമാണ് റായ്ബറേലി. സോണിയ ഗാന്ധിയായിരുന്നു കഴിഞ്ഞ നിരവധി തവണകളായി റായ്ബറേലിയില്‍ നിന്ന് മത്സരിച്ചിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ല. പകരം രാജസ്ഥാനില്‍ നിന്നും സോണിയയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതോടെയാണ് റായ്ബറേലിയില്‍ നിന്ന് കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ നേരിട്ട് മത്സരിക്കുന്നില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായിരിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന റായ്ബറേലിയില്‍ നിന്ന് വിജയം ഉറപ്പായതിനാല്‍ തന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കൂടി വിജയിക്കുകയാണെങ്കില്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടിടങ്ങളില്‍ ഒരുമിച്ച് മത്സരിച്ചപ്പോള്‍ വയനാട് നിലനിര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി മത്സരിച്ച് പരാജയപ്പെട്ട അമേഠിയില്‍ നെഹ്‌റു കുടുംബവുമായി അടുത്തുനില്‍ക്കുന്ന കെ.എല്‍. ശര്‍മ മത്സരിക്കും. കെ.എല്‍. ശര്‍മ ഒരാഴ്ച മുമ്പ് തന്നെ അമേഠിയിലെത്തി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി തുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗതമായി കോണ്‍ഗ്രസ് വിജയിച്ചിരുന്ന അമേഠി കഴിഞ്ഞ തവണയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഇത്തവ കെ.എല്‍. ശര്‍മയിലൂടെ ഇത് തിരിച്ച് പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

സ്മൃതി ഇറാനിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയ സമയത്ത് തനിക്കെതിരെ മത്സരിക്കാന്‍ ആരുമില്ലേ എന്ന് ചോദിച്ച് സ്മൃതി ഇറാനി കോണ്‍ഗ്രസിനെ പരിഹസിക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: Rahul Gandhi in Rae Bareli, KL Sharma in Amethi ; Congress announcement to end uncertainties