|

'റോണോയോട് ഇഷ്ടം, പക്ഷേ മെസിയാണ്.......'; ഗോട്ട് ഡിബേറ്റില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം നല്ലൊരു കായികപ്രേമി കൂടിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് മത്സരങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളൊക്കെ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

ലയണല്‍ മെസി- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ പ്രതികരിക്കുകയാണിപ്പോള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. റൊണാള്‍ഡോയാണ് തന്റെ ഇഷ്ടകളിക്കാരനെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ റോണോയേക്കാള്‍ മികച്ച കളിക്കാരന്‍ മെസിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു മീഡിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എം.പി. ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് എനിക്കിഷ്ടം. റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് എന്നെ ആകര്‍ഷിച്ചത്. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ ലയണല്‍ മെസിയാണ് മുന്നിട്ടുനില്‍ക്കുന്ന്. ലയണല്‍ മെസിയാണ് മികച്ച ഫുട്‌ബോളര്‍. ഫുട്‌ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയെ ആയിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

2023 കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം പി.എസ്.ജിയില്‍ നിന്ന് ഇന്റര്‍ മയാമിയിലേക്കാണ് മെസി കൂടുമാറിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ കിരീട നേട്ടമായിരുന്നു ഇത്.

Content Highlight:  Rahul Gandhi in Messi, Ronaldo Goat Debate