അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലിയ്ക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിസിനസ് ചെയ്യാന്‍ കൂടുതല്‍ എളുപ്പമായെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്‌ക്കെതിരായിരുന്നു രാഹുല്‍ ആഞ്ഞടിച്ചത്.
“രാജ്യം മുഴുവന്‍ ഉച്ചത്തില്‍ പറയും ഇവിടെ ബിസിനസ് ചെയ്യാന്‍ ഒട്ടും എളുപ്പമല്ലെന്ന്.” രാഹുല്‍ പറയുന്നു. നേരത്തെ യു.പി.എ സര്‍ക്കാരും എന്‍.ഡി.എ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം അഴിമതി ചെയ്യാനുള്ള എളുപ്പം ബിസിനസ് ചെയ്യാനുള്ള എളുപ്പമായി മാറിയെന്ന് ജെയ്റ്റ്‌ലി പറ്ഞ്ഞു. ഗുജറാത്തിലെ ബറൂച്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നോട്ട് നിരോധനത്തിനും ജി.എസ്.ടിയ്ക്കുമെതിരേയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. രാജ്യത്തിന് ജനങ്ങളില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റ് വേണ്ടത്. മോദിയും അരുണ്‍ ജെയ്റ്റിലിയും പരാജയപ്പെട്ടു എന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
വിദേശ കമ്പനികള്‍ ഇന്ത്യയില്‍ വാണിജ്യമാരംഭിക്കുന്നതിന്റെ സുഖത്തെ കുറച്ച് പറഞ്ഞതായി ജെയ്റ്റലി പറഞ്ഞു. ജെയ്റ്റ്‌ലി ഏതു സ്വപ്‌നലോകത്താണ് ജീവിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ചെറുകിട-കുടില്‍ വ്യവസായ സംരംഭകരെ കണ്ട് പത്ത് മിനുറ്റ് അവരോട് സംസാരിക്കണമെന്നും അവരോട് ചോദിക്കണം എന്തുമാറ്റമാണ് വന്നതെന്നും മോദി ജെയ്റ്റ്‌ലിയോടായി പറഞ്ഞു.
നേരത്തെ, മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം എന്ന അവകാശവാദത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെത്തിയാല്‍ പോക്കറ്റില്‍ ലക്ഷങ്ങളില്ലെങ്കില്‍ നിങ്ങളെ അവര്‍ ചവുട്ടിപ്പുറത്താക്കും. ഇതാണ് മോദിയുടെ ഗുജറാത്ത് മോഡലെന്നാണ് രാഹുലിന്റെ പരാമര്‍ശം.
“ഗുജറാത്ത് മോഡലില്‍ നിങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ നിങ്ങളുടെ പോക്കറ്റില്‍ ലക്ഷക്കണക്കിന് രൂപയില്ലെങ്കില്‍ അവര്‍ നിങ്ങളെ പുറത്താക്കും. അതാണ് ഭായീ ഗുജറാത്ത് മോഡല്‍. നിങ്ങളുടെ പക്കല്‍ പണമില്ലെങ്കില്‍ ഇവിടെ ഒരു പണിയും നടക്കില്ല.” അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ എല്ലാ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മോദിയുടെ വ്യവസായികളാണ്. ഇതുകാരണം ചെറുകിട കച്ചവടക്കാരാണ് ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.