ഗാന്ധിനഗര്‍: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി സര്‍ക്കാരിന്റെ ജി.എസ്.ടി എന്നത് ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സല്ലെന്നും ഗബ്ബര്‍ സിംഗ് ടാക്‌സാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കഴിഞ്ഞ കുറച്ചു നാളുകളായി അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ കേന്ദ്രം മൗനം പാലിക്കുന്നതിനേയും രാഹുല്‍ വിമര്‍ശിച്ചു. ജയ് ഷായുടെ കമ്പനി വളര്‍ച്ച് കുതിച്ചുയര്‍ന്നതില്‍ മോദി മൗനം പാലിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. അദ്ദേഹം സെല്‍ഫി എടുത്തു കളിക്കുന്നുവെന്നും പക്ഷെ ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനയിലെ യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ജി.എസ്.ടിയില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകണമെന്ന് പറഞ്ഞ രാഹുല്‍ ജി.എസ്.ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാമിച്ചു. ജി.എസ്.ടി ലഘൂകരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം കേട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
“നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും പരാജയപ്പെട്ടു. മോദി അറിയാനായി പറയുകയാണ് ഗുജറാത്തിലെ യുവാക്കള്‍ക്ക് വിദ്യാഭ്യാസം വേണം. 22 വര്‍ഷക്കാലം കൊണ്ട് എല്ലാ കോളജും സര്‍വകലാശാലകളും അഞ്ചോ പത്തോ വ്യവസായികള്‍ക്കായി വീതം വെച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.” രാഹുല്‍ പറയുന്നു.
” മോദിജി മെയ്ക്ക് ഇന്‍ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. ഗുജറാത്തില്‍ മാത്രം 30 ലക്ഷം തൊഴില്‍രഹിതരായ യുവാക്കളുണ്ട്. രാജ്യത്ത് ഓരോ ദിവസവും 30000 പേര്‍ ജോലി തേടുന്നു കിട്ടുന്നതാകട്ടെ 450 പേര്‍ക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ബി.ജെ.പിയില്‍ ചേരാന്‍ പട്ടേല്‍ സമുദായ നേതാവ് നരേന്ദ്ര പട്ടേലിന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ഗുജറാത്തിന്റെ ശബ്ദത്തെ പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അല്‍പേഷ് ജീ, നിങ്ങളിവരോട് നിശബ്ദരാകാന്‍ പറഞ്ഞു. പക്ഷെ ഇവരെങ്ങനെ നിശബ്ദരാകും. മോദിജി ഇവരെ ഒരുപാട് അപമാനിച്ചിരിക്കുന്നു. അതുകൊണ്ടാണവര്‍ക്ക് നിശബ്ദരാകാത്തത്. ഹാര്‍ദ്ദികിനും ജിഗ്നേഷിനും നിശബ്ദരാകാന്‍ കഴിയില്ല. അവര്‍ക്കും ശബ്ദമുണ്ട്. അതൊരു സാധാരണ ശബ്ദമല്ല. ഈ ശബ്ദത്തെ വാങ്ങാനോ അടിച്ചമര്‍ത്താനോ കഴിയില്ല.” രാഹുല്‍ പറയുന്നു.
“അവര്‍ ഒരു കോടിയോ, നൂറ് കോടിയോ ആയിരം കോടിയോ എന്തിന് രാജ്യത്തിന്റെ മുഴുവന്‍ ബഡ്ജറ്റോ ലോകത്തെ മുഴുവന്‍ സമ്പത്തോ ഇറക്കിയാല്‍ പോലും ഗുജറാത്തിന്റെ ശബ്ദത്തെ വിലയ്ക്ക് വാങ്ങാനോ അടിച്ചമര്‍ത്താനോ സാധിക്കില്ല.” രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.