ന്യൂദല്‍ഹി: കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചു. 2019 ഡിസംബര്‍ വരെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാണ് കത്തിലെ ആവശ്യം.
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായതെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആഗോള വിപണിയിലെ വിലയിടിവും കര്‍ഷകരെ ദോഷകരമായി ബാധിച്ചെന്ന് കത്തില്‍ പറയുന്നു.
കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടികളുടെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതി തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.
നേരത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധി കത്ത് അയച്ചിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുല്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.