ആദ്യം പറയുന്നു വാക്‌സിന്‍ എല്ലാവര്‍ക്കും തരുമെന്ന്, ഇപ്പോള്‍ പറയുന്നു അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്; നിങ്ങള്‍ എവിടെയെങ്കിലും ഉറച്ചുനില്‍ക്കാമോ; മോദിയോട് രാഹുല്‍
ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞ കാര്യവും എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന കേന്ദ്രആരോഗ്യസെക്രട്ടറിയുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയായിരുന്നു വിഷയത്തിലുള്ള കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് രാഹുല്‍ തുറന്നുകാട്ടിയത്.
‘എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബീഹാറിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കി. എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടേയില്ലെന്നാണ് കേന്ദ്രം പറയുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി എവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാമോ’, രാഹുല്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡിനെതിരായി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്.
‘ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വസ്തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്.’എന്നായിരുന്നു രാജേഷ് ഭൂഷണ്‍ പറഞ്ഞത്.
2021 ജൂലായ് മാസത്തോടെ രാജ്യത്തെ 25 – 30 കോടിയോളം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് നവംബര്‍ 30 ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞിരുന്നു. ജൂലായ് – ഓഗസ്റ്റ് മാസങ്ങളോടെ 30 കോടിയോളം ഡോസ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്.
അടുത്ത വര്‍ഷം ആദ്യ മൂന്ന് നാല് മാസങ്ങളില്‍ തന്നെ വാക്സിന്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക